ചൂണ്ടൽ: മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു. വെട്ടുകാട് മരംമുറിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അതിഥി തൊഴിലാളിയെ ആക്രമിച്ചതിനുപുറമെ ഈ മേഖലകളിലെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. അക്രമകാരിയായ നായ നാട്ടുകാർക്കിടയിലും വളർത്തുമൃഗങ്ങൾക്കും ഭീഷണി സൃഷ്ടിച്ചതോടെ, നാട്ടുകാർ ഒത്തുചേർന്ന് നായയെ പിടികൂടി താൽക്കാലിക കൂട്ടിൽ അടച്ചു.
ചൂണ്ടൽ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം തുടരുകയാണ്. നായശല്യം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്തിലെ ഒരു സ്കൂളിന് അവധി നല്കി. മേഖലയിലെ തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.